ഞാന്‍ സൈക്കിള്‍ വേഗത്തില്‍ ചവിട്ടി. അതാ ഞാന്‍ എന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു. ജന നിബിഡമാണു പ്രദേശം. സൈക്കിള്‍ സുരക്ഷിതമായി പാര്‍ക് ചെയ്യാന്‍ സൂക്ഷ്മമായ സ്ഥലത്തിനു ഞാന്‍ കണ്ണ് എമ്പാടും പായിച്ചു. ഒരു വിധം ഒരു മൂല കിട്ടി. സൈക്കിള്‍ പൂട്ടി ഞാന്‍ നടന്നു. ഞാന്‍ മാരാമണ്‍ കണ്‍വ്വന്‍ഷന്‍ നഗരിയിലേക്ക് പ്രവേശിക്കുന്നു.1885 മുതല്‍ എല്ലാ വര്‍ഷവും കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍ കോഴഞ്ഞ്ചേരിയില്‍ ഫെബ്രുവരി മാസം രണ്ടാം ആഴ്ച്ച കൊണ്ടാടുന്ന ഈ കണ്‍വ്വന്‍ഷന്‍ ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ യോഗമാണത്രേ! ഒര്‍മവച്ച നാള്‍മുതല്‍ ഞാന്‍ സ്ഥിരമായി വര്‍ഷംതോറും അവിടെ പോകറുണ്ട്. ഇതുവരെ പുതുമ നശിച്ചതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. വീണ്ടും വീണ്ടും കാണാന്‍ മനസ്സ് തിടുക്കം കൂട്ടുന്നു. ഞാന്‍ പ്രതാപത്തോടെ അതിവേഗം കണ്‍വ്വന്‍ഷന്‍ നഗരിയിലെത്തിച്ചേരാന്‍ നടന്നു. നടപ്പാതയുടെ ഒരു വശത്ത് പമ്പ അതിശാന്തമായി ഒഴുകുന്നു. പക്ഷേ പണ്ടത്തെപ്പോലെയല്ല, ദാരുണം വറ്റി വരണ്ട് കഷ്ടിച്ച്. ചെറിയ അരുവിപോലെ. മഴയ്ക്ക് വേണ്ടി പമ്പ വികാരംകൊള്ളുന്നുവെന്ന് അവള്‍ എന്റെ കാതില്‍ മന്ത്രിച്ചു. ഞാന്‍ മെല്ലെ മറുപടി പറഞ്ഞു:"സുന്ദരീ മഴ വരും സ്വല്‍പ്പം കാത്തിരിക്കൂ.നിങ്ങല്‍ പ്രാപിക്കുന്നതുകാണാന്‍ ഞാനും ആശിക്കുന്നു".

ഒരു ചെറുനെടുവീര്‍പ്പോടെ ഞാന്‍ കണ്‍വ്വന്‍ഷന്‍ നഗരിയിലേക്ക് പടവുകള്‍ ഇറങ്ങി. പലേ ശബ്ദങ്ങള്‍.ചിലര്‍ കൂടിനിന്ന് എന്തൊക്കയോ സംസാരിക്കുന്നു.ചിലര്‍ പൊട്ടിച്ചിരിക്കുന്നു.ചിലര്‍ മൗനമായി മൈതാനത്ത് പുല്ലിനെ അമര്‍ത്തി ഇരിക്കുന്നു.ചിലര്‍ എന്നെപ്പോലെ ഏകാന്തരായി നടക്കുന്നു. ഞാന്‍ എന്റെ പാന്റിന്റെ വിശാലമായ പോക്കറ്റില്‍ ശേഖരിച്ചിരുന്ന ക്യാമറ കൈയിലേറ്റി മൂന്നുനാലു സ്നാപ് എടുത്തു. ഒരാള്‍ (ഒരേകാന്തന്‍) അയാള്‍ക്കുനേരെ നീട്ടി ഫോട്ടോയെടുത്തതിനു എന്റെ മുഖത്ത് പരുഷമായി നോക്കി. ഞാന്‍ ആത്മഗതം മുഴക്കി:" എടോ മനുഷ്യാ ഇതൊരു രസമല്ലേ"!
ഞാന്‍ യോഗപ്പന്തലിന്റെ അടുക്കലേക്ക് നടന്നു. ധാരാളമായി ആള്‍ക്കാര്‍ പന്തലിനെ നിറച്ചു. ഇരിക്കാന്‍ ഇടം കിട്ടാത്ത ആള്‍ക്കാര്‍ പന്തലിനെ മൂടി നിന്നു. ഞാന്‍ പ്രസംഗം അവ്യക്തമായി കേള്‍ക്കുന്നുണ്ട്. പന്തലിനു ചുറ്റും ഭാഷിണികള്‍ വച്ചു കെട്ടിയിരിക്കുന്നു. എന്നാലും അവയിലൂടെ പതറിയൊഴുകാനേ പ്രസംഗത്തിനു സാധിച്ചുള്ളൂ. ഞാന്‍ വീണ്ടും തിരിഞ്ഞു നടന്നു. എതിര്‍ ദിക്കില്‍ സ്ഥാപിക്കപ്പെട്ട ഒരു തടിപ്പലം ഞാന്‍ കണ്ടു. എനിക്കറിയാം അതു കടന്നാല്‍ പിന്നെ ഷോപ്പിങ്ങിന്റെ ഇടമാണെന്ന്. നിരവധി കടകള്‍. അവയ്ക്കുള്ളില്‍ കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, പുസ്തകങ്ങള്‍ ഭക്ഷണം എന്നിങ്ങനെ.. നിശ്ചിത വിലയ്ക്കോ വിലപേശിയോ വാങ്ങാം. ആ കടക്കാര്‍ നമ്മുക്ക് ഗുണമേന്മ ഉള്ള വസ്തുക്കള്‍ തരുന്നില്ലയെങ്കിലും ആ പാവങ്ങള്‍ക്ക് അത് ഉപജീവനത്തിന്റെ മാര്‍ഗം.

ഞാന്‍ കൊതിയോടെ ആ പാലം കടന്നു. കടകളും അവയെ ചുറ്റിനിന്ന ആള്‍ക്കാരെയും ഞാന്‍ കണ്ടു. ഞാന്‍ എനിയ്ക്ക് പ്രിയപ്പെട്ട കട തപ്പി നടന്നു - പുസ്തകക്കട. ഒരെണ്ണം ഞാന്‍ കണ്ടെത്തി. പക്ഷെ ബൈബിളും ക്രിസ്തീയ പുസ്തകങ്ങളും മാത്രം. എനിക്കാകട്ടെ എന്തായാലും പ്രശ്നമല്ല എന്ന മട്ടും. ഞാന്‍ ബൈബിള്‍ വാങ്ങി. മുന്നൂറ്റിയന്‍പതു രൂപ. വില അധികമായി തോന്നിയെങ്കിലും ലോകര്‍ വായിക്കുന്ന പുസ്തകം വായിക്കാനുള്ള അതിലെന്തെന്നറിയുവാനുള്ള ത്വര എന്നെ വിലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിച്ചില്ല. ഞാന്‍ ആഗ്രഹം സാധ്യമായ സന്തോഷത്തോടെ നടന്നു നീങ്ങി. ഒരുവന്‍ ഏതോ യന്ത്രമുപയോഗിച്ച് കരിമ്പ് അമക്കിച്ചതച്ച് അതിന്റെ നീര്‍ ഗ്ലാസ്സിലാക്കി അതില്‍ നാരങ്ങാ നീരോ മറ്റോ ഒഴിച്ച് ആളുകള്‍ക്ക് കൊടുക്കുന്നു. ഞാനും ഒന്നു വാങ്ങി. രുചിയുണ്ട്. ഒന്നുകൂടി വാങ്ങി. വയര്‍ കരിമ്പിന്‍ ചാറുകൊണ്ട് നിറഞ്ഞു. മാറിക്കിട്ടി രൂപാ ഇരുപത്.
ഞാന്‍ കണ്‍വ്വന്‍ഷന്‍ പ്രദേശത്തിന്റെ അന്ത്യഭാഗത്തേക്ക് എത്തിച്ചേര്‍ന്നു. ഒരു ചെടിവില്‍പ്പനശാല ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ അവിടം സന്ദര്‍ശിച്ചു. റോസും മുല്ലയും അരളിയും പിന്നെ എനിക്ക് അറിയാത്ത ചെടികളും പുഷ്പ്പിച്ചു നില്‍ക്കുന്നു. ഒന്നുപോലും ഞാന്‍ വാങ്ങിയില്ല. കാരണം എന്റെ കൈയ്യില്‍ പണം ഏതാണ്ട് തീര്‍ന്നിരിക്കുന്നു. ഇനി ബാക്കി പത്തുരൂപ. അതെങ്കിലും ഇരിക്കട്ടെ എന്നു കരുതി പത്തുരൂപക്കു കിട്ടുന്ന തേക്കിന്റെ ചെറു തൈ പോലും ഞാന്‍ അവഗണിച്ചു.
ഞാന്‍ തിരിച്ചിറങ്ങി നടന്നു റോഡിലേക്ക് ചെന്നുകയറി. എന്റെ സൈക്കിള്‍ വച്ച ഭാഗത്തേക്ക് ഞാന്‍ ഓടി. വീണ്ടും എന്റെ മുമ്പില്‍ കണ്‍വ്വന്‍ഷന്‍ നഗരിയുടെ പ്രവേശന വഴി. ആളുകള്‍ നിറഞ്ഞൊഴുകുന്നു. ഞാന്‍ എന്റെ വലം കൈയ്യുയര്‍ത്തി നിന്നൂ. ഒരു യാത്രപറച്ചിലിന്റെ അടയാളം. ഇനി അടുത്ത വര്‍ഷം കാണാമെന്ന് മനോരാജ്യം കണ്ട് ഞാന്‍ സൈക്കിള്‍ ചവിട്ടി അകന്നു.